ചെമ്പേരി: സുവിശേഷത്തിന് വേണ്ടി തീഷ്ണതയോടെ ജീവിക്കുന്ന സമർപ്പിതർ സഭയുടെ ചൈതന്യമാണെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. സമുദായ ശക്തികരണവർഷചാരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതയിലെ ചെമ്പേരി റീജണിലെ സമർപ്പിതരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലബാറിന്റെ സമഗ്രമായ വളർച്ചയ്ക്ക് നിർണായകമായ പങ്കുവഹിച്ചവരാണ് സന്യസ്തരെന്നു ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി.
രാവിലെ പത്തിന് ബസിലിക്കയിൽ അതിരൂപത ചാൻസലർ ഫാ. ഡോ.ജോസഫ് മുട്ടത്തുകുന്നേലിന്റെ കാർമികത്വത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയോടെയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് ചെമ്പേരി ഫൊറോന പള്ളിയിലെ വിശുദ്ധ മദർ തെരേസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന സമ്മേളനം നടന്നു. സമർപ്പിത സംഗമങ്ങളുടെ മുഖ്യസംഘാടകനായ തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ സ്വാഗതം പറഞ്ഞു. അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ, സിഎംസി തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ തെരേസ്, എംഎസ്എംഐ തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി ജോസ്, എഫ്സിസി തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ അഞ്ജലി , എസ്എംഎസ് പ്രൊവിൻഷ്യൽ സിസ്റ്റർ ടെസ് മാത്യു എന്നിവർ പ്രസംഗിച്ചു. സമുദായ ശക്തീകരണ വർഷത്തിൽ സമർപ്പണ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും ഫാ. റോയ് കണ്ണംചിറ സിഎംഐ ക്ലാസ് നയിച്ചു.
വിവിധ സന്യാസസമൂഹങ്ങളിലെ സിസ്റ്റേഴ്സ് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നേതൃത്വം കൊടുത്ത പൊതുചർച്ചയിൽ സമകാലീന കാലഘട്ടത്തിലെ സമർപ്പണ ജീവിതത്തിന്റെ വെല്ലുവിളികളും ശുശ്രൂഷാമേഖലയിൽ കൂടുതൽ പ്രാധന്യം നൽകേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.